സംസ്ഥാനത്തെ സർക്കാർ -എയിഡഡ് ഹൈസ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ചൊവ്വാഴ്വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിൽ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ അഭിരുചി പരീക്ഷയിൽ ലോജിക്കൽ- ഗണിതം, പ്രോഗ്രാമിങ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്നാണ് ചോദ്യങ്ങൾ.
അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഏഴിന് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് റോബോട്ടിക്സ്, അനിമേഷൻ, ഇലക്ട്രോണിക്സസ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, ഇ- ഗവേണൻസ്, ഹാർഡ്വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.
ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തിയുള്ള ത്രിഡി അനിമേഷൻ തയ്യാറാക്കലും ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്ക്: www.kite.kerala.gov.in