ഡ്രൈവിംഗ് ടെസ്റ്റുകൾ ആർടിഒകളിൽ നിന്ന് സ്വകാര്യ കേന്ദ്രങ്ങളിലേക്ക്: പുതിയ ലൈസൻസ് നിയമങ്ങൾ ജൂൺ 1 മുതൽ

2024 ജൂൺ 1 മുതൽ ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. ലൈസൻസിംഗ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമങ്ങൾ.

സ്വകാര്യ സ്ഥാപനങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ: 2024 ജൂൺ 1 മുതൽ, വ്യക്തികൾക്ക് സർക്കാർ RTO -കൾക്ക് പകരം സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താം. ലൈസൻസിനുള്ള യോഗ്യതയ്ക്കായി ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും ഈ സ്ഥാപനങ്ങൾക്ക് അധികാരം നൽകും എന്നാണ് പുത്തൻ പദ്ധതി വ്യക്തമാക്കുന്നത്.

പരിസ്ഥിതിയുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഏകദേശം 900,000 പഴയ സർക്കാർ വാഹനങ്ങൾ മൊത്തമായോ ഘട്ടംഘട്ടമായോ ഉപയോഗത്തിൽ നിന്ന് നീക്കം ചെയ്ത്, വാഹന മലിനീകരണ നിയന്ത്രണങ്ങൾ വളരെ കർശനമായി നടപ്പാക്കിക്കൊണ്ട് മലിനീകരണം കുറയ്ക്കാനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. ഗ്രീൻ & ക്ലീൻ മോബിലിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പായി ഇതിനെ കാണാം.

കർശനമായ പിഴകൾ ചുമത്തുക: റോഡ് നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ പിഴകൾ കർശനമായി ഈടാക്കും. അമിതവേഗതയ്ക്കുള്ള പിഴ 1000 രൂപയ്ക്കും 2000 രൂപയ്ക്കും ഇടയിൽ തന്നെ തുടരും. എന്നിരുന്നാലും, പ്രായപൂർത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചാൽ 25,000 രൂപ പിഴയാവും ചുമത്തുക. കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷൻ കാർഡ് റദ്ദാക്കപ്പെടും, അതോടൊപ്പം പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് 25 വയസ്സ് വരെ ലൈസൻസിന് അർഹത ഉണ്ടായിരിക്കുകയുമില്ല.

ലളിതമാക്കിയ അപേക്ഷാ ക്രമങ്ങൾ: ഒരു പുതിയ ലൈസൻസിന് ആവശ്യമായ ഡോക്യുമെന്റേഷൻ റോഡ് ഗതാഗത മന്ത്രാലയം കൂടുതൽ കാര്യക്ഷമമാക്കി. വാഹനത്തിന്റെ തരം/ ടൈപ്പാണ് (ഇരുചക്രവാഹനമോ ഫോർവീലറോ) ആവശ്യമായ നിർദ്ദിഷ്ട രേഖകൾ എന്തെല്ലാം വേണം എന്ന് നിർണ്ണയിക്കുന്നത്. ഇത് RTO -കളിൽ ഫിസിക്കൽ പരിശോധനയുടെ ആവശ്യകത കുറയ്ക്കുന്നു.

സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ

ഒട്ടനവധി നിർദ്ദേശങ്ങളും, നിയന്ത്രണങ്ങളുമാണ് പുതിയതായി വന്നിരിക്കുന്നത്.

  1. കൈവശം ഉണ്ടായിരിക്കേണ്ട ഭൂമി: ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരു ഏക്കർ ഭൂമി ഉണ്ടായിരിക്കണം (ഫോർ വീലർ പരിശീലനത്തിന് രണ്ട് ഏക്കർ).
  2. ടെസ്റ്റിംഗ് സൗകര്യം: സ്കൂളുകൾ പരിശീലനങ്ങൾക്ക് അനുയോജ്യമായ ഒരു ടെസ്റ്റിംഗ് സൗകര്യം വാഗ്ദാനം ചെയ്യണം.
  3. പരിശീലകരുടെ യോഗ്യതകൾ: പരിശീലകർക്ക് ഒരു ഹൈസ്കൂൾ ഡിപ്ലോമ (അല്ലെങ്കിൽ തത്തുല്യമായത്), കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് എക്സ്പീരിയൻസ് എന്നിവ ഉണ്ടായിരിക്കണം, കൂടാതെ ബയോമെട്രിക്സ്, ഐടി സംവിധാനങ്ങൾ എന്നിവയുമായും പരിചയം ഉണ്ടായിരിക്കണം.
  4. പരിശീലന കാലയളവ്: ട്രെയിനിംഗിന് പ്രത്യേക കാലയളവുകളാണ്. ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (LMV): 4 ആഴ്ചയിൽ 29 മണിക്കൂറാണ്, ഇതിൽ 8 മണിക്കൂർ തിയറിയായും 21 മണിക്കൂർ പ്രായോഗിക പരിശീലനമായും തിരിച്ചിരിക്കുന്നു. ഹെവി മോട്ടോർ വെഹിക്കിൾസ് (HMV): 6 ആഴ്ചയിൽ 38 മണിക്കൂറാണ് കാലയളവ്, ഇതിലും 8 മണിക്കൂർ തിയറിയായും 31 മണിക്കൂർ പ്രായോഗിക പരിശീലനമായും തിരിച്ചിരിക്കുന്നു. ഈ നിയന്ത്രണങ്ങൾ ഉയർന്ന നിലവാരമുള്ള പരിശീലനവും ഗൈഡൻസും സ്വകാര്യ ട്രെയിനിംഗ് സ്കൂളുകൾ പുതിയ തലമുറ ഡ്രൈവർമാർക്ക് നൽകും എന്നത് ഉറപ്പാക്കുന്നു എന്നാണ് മന്ത്രാലയം വിശ്വസിക്കുന്നത്.

സംസ്ഥാനത്ത് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന നവീകരണങ്ങൾ തന്നെ പലവിധ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുമുള്ള ഈ പരിഷ്കരണങ്ങളും ചട്ടങ്ങളും കൂടെയാവുമ്പോൾ എന്താവും സ്ഥിതി എന്ന് കാത്തിരുന്ന് കാണാം.