മുദ്രപത്രങ്ങളുടെ അച്ചടി നിർത്തി; ഇനി മുതൽ രജിസ്ട്രേഷൻ നടപടികൾക്ക് ഇ സ്റ്റാമ്പ്

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തിയതോടെ മുദ്രപത്രങ്ങളുടെ അച്ചടി നിറുത്തി. നാസിക്കിലെ പ്രസ്സിലായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. നിലവില്‍ ശേഷിക്കുന്ന മുദ്രപത്രങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതര ഇടപാടുകള്‍ക്ക് ഉപയോഗിക്കും. 50 ലക്ഷത്തോളം മുദ്രപത്രങ്ങള്‍ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.

ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് നേരത്തെതന്നെ ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ എത്ര തുകയ്‌ക്കുള്ള രജിസ്‌ട്രേഷനും ഇ സ്റ്റാമ്പ് തന്നെ വേണം. ജൂണ്‍ രണ്ടാം വാരം ഇത് നിലവില്‍ വരും.

ഇ സ്റ്റാമ്പിലേക്ക് മാറിയത് പഴയ മുദ്രപത്ര വെണ്ടര്‍മാരെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നെറ്റുള്ള കമ്പ്യൂട്ടറും പ്രിന്‍ററും ഉണ്ടെങ്കില്‍ ഓരോ പ്രദേശത്തും ഉള്ള അംഗീകൃത വെണ്ടര്‍മാര്‍ക്ക് തന്നെ ഇ സ്റ്റാമ്പ് തയ്യാറാക്കാം. 2025 ഓടെ സമ്പൂര്‍ണ്ണ ഇ സ്റ്റാമ്പ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.