തലപൊക്കി മഞ്ഞപ്പിത്തം, വേണം സ്വയം പ്രതിരോധം

വേനല്‍മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ജാഗ്രത. ഈ മാസം മൂന്നുപേർക്കാണ് രോഗം ബാധിച്ചത്. കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളില്‍ അത്ര ഗുരുതരമാകാറില്ലെങ്കിലും മുതിർന്നവരെ ബാധിക്കും.

നിലവില്‍ കോട്ടയം ജില്ലയില്‍ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. ഉത്സവം, വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവ നടക്കുന്ന സമയമായതിനാല്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം. പാനീയങ്ങള്‍ തയ്യാറാക്കുന്നവരും വില്‍ക്കുന്നവരും, വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകള്‍ ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസ് മാത്രം ഉപയോഗിക്കണം. യഥാസമയം വിദഗ്ദ്ധ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തം മരണത്തിലേക്ക് നയിക്കും. രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടയാം.

മടിക്കല്ലേ ചികിത്സയ്ക്ക്

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്‍ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്‍ ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം പൂർണമായി സ്ഥിരീകരിക്കാനാവൂ. സാധാരണഗതിയില്‍ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാകാം.

മുൻകരുതല്‍, പ്രതിരോധം

  • വ്യക്തി, പരിസര ശുചിത്വം പാലിക്കുക
  • ആഹാര ശുചിത്വം, ഈച്ചശല്യം തടയുക
  • വെള്ളം ഉള്‍പ്പെടെ ആഹാരങ്ങള്‍ അടച്ചുവയ്ക്കുക
  • ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക
  • തൊഴുത്തും മറ്റും വീട്ടില്‍ നിന്ന് അകലെയാക്കുക
  • കിണർവെള്ളം ഉള്‍പ്പെടെ ക്ലോറിനേറ്റ് ചെയ്യുക