ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും തുറന്നിരിക്കുകയാണ്. ഇതോടെ കെ.എസ്.ആര്.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. വനമേഖലയിൽ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഗവിയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഇത് നീണ്ടു പോയതോടെ പ്രതിഷേധം ഉയർന്നിരുന്നു. വേനലവധി ആരംഭിച്ചിട്ടും ഗവി അടഞ്ഞു കിടക്കുന്നതിനെതിരെ പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. സഞ്ചാരികളുടെ വരവ് നിലച്ചത്, ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നൂറുകണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകളിൽ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി. കുറഞ്ഞ കാലത്തിനിടെ ആയിരത്തോളം ട്രിപ്പുകളാണ് ഗവിയിലേക്ക് കെ.എസ്.ആർ.ടി.സി നടത്തിയത്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകൾ. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉൾപ്പെടെ 1300 രൂപയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാർ, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് കൊച്ചുപമ്പയിൽ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തും.
കേരളത്തിലെ എല്ലാ യൂണിറ്റുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ഗവിയിലേക്ക് ട്രിപ്പുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളിൽ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്. ഗവിയിലേക്കുള്ള യാത്രയിൽ സീതത്തോട് കൊച്ചാണ്ടിയിൽനിന്നാണ് കാഴ്ചകൾ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെൽ ജീവനക്കാർ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റർ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാൽ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകൾ കാണാനാകും. കാട്ടുപോത്തുകൾ, പുള്ളിമാനുകൾ, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.