കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19. 72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം.
കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്. കൊച്ചി വാട്ടർ മെട്രോ പൂർണ്ണതോതിലാകുമ്പോൾ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്.
20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളോടൊത്ത് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങൾ ഇപ്പോഴുണ്ടാവില്ല. പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.