തിരുവിതാംകൂർ ദേവസ്വംബോർഡ് ഡിജിറ്റൈസേഷനിലേക്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ സമ്പൂർണ ഡിജിറ്റൈസേഷൻ വരുന്നു. ദേവസ്വത്തിന്‍റെ 1250 ക്ഷേത്രങ്ങൾക്കും മെയിൻ ഡൊമൈനുമായി കണക്‌ട് ചെയ്‌തുള്ള പ്രത്യേക പേജ് തയ്യാറാക്കും. നിലവിൽ ശബരിമല അടക്കം 26 ക്ഷേത്രങ്ങളിൽ മാത്രമേ ഡിജിറ്റൈസേഷൻ ഉള്ളൂ. അതുതന്നെ സമ്പൂർണവുമല്ല.

വരാൻ പോകുന്ന സംവിധാനം എല്ലാ ഓൺലൈൻ ഇടപാടുകളും സാധ്യമാക്കുന്നതാണ്. എല്ലാ ബാങ്കുകളുടേയും പെയ്മെന്റ്റ് ഗേറ്റ്‌വേകൾ ഉൾപ്പെടുത്തും. ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണുകൾ അനുവദിക്കാത്ത സ്ഥിതികൂടി പരിഗണിച്ച്, ബയോമെട്രിക് പെയ്മെന്‍റാണ് പരിഗണനയിലുള്ളത്.

വിരലടയാളം പതിച്ച് പണമടയ്ക്കാവുന്നതാണ് ബയോമെട്രിക് പേയ്മെന്റ് സംവിധാനം. വഴിപാടുകൾക്കുള്ള ടിക്കറ്റ് അതത് ക്ഷേത്രത്തിന്‍റെ പേജിൽനിന്ന് ഓൺലൈനായി എടുത്ത് ക്ഷേത്രത്തിലെത്തി ക്യു.ആർ.കോഡ് സ്കാൻ ചെയ്ത‌് ടിക്കറ്റ് ആക്കുന്നതാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ക്ഷേത്രങ്ങളിൽതന്നെ ക്യു.ആർ. സ്കാനർ വെച്ച് വേരിഫൈ ചെയ്യും.

ദേവസ്വം ബോർഡിലെ ജീവനക്കാരിൽ ഐ.ടി. രംഗത്ത് താത്പര്യമുള്ളവരിലൂടെയാണ് ഡിജിറ്റൈസേഷന്‍റെ പ്രധാന ജോലികൾ നടത്തുക. എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത് എന്നറിയാൻ ജീവനക്കാരിൽ ഓരോ രംഗത്തും പ്രാഗത്ഭ്യമുള്ളവരെ പങ്കെടുപ്പിച്ച് ശില്പശാല മെയ് മൂന്നിന് നടക്കും.

ദേവസ്വം ബോർഡിലെ ജീവനക്കാരിൽ, ഐ.ടി. രംഗത്ത് പരിചയമുള്ളവരുടെ തസ്തികമാറ്റം അടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതിയുടേയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻ്റേയും അനുമതിയോടെയേ നടത്തൂ. സൈബർ ഫൊറൻസിക് വിദഗ്‌ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാടിൻ്റെ മേൽനോട്ടത്തിലാണ് ഡിജിറ്റൈസേഷൻ നടക്കുന്നത്.