കലാലയങ്ങളിൽ പുറമേനിന്നുള്ള കലാപരിപാടികളാകാം, കർശന വ്യവസ്ഥകളോടെ

കലാലയങ്ങളിൽ പുറമേനിന്നുള്ള പ്രൊഫഷണൽ സംഘങ്ങളുടെ കലാപരിപാടികൾ കർശനനിയന്ത്രണങ്ങളോടെ നടത്താമെന്ന് പുതിയ മാർഗനിർദേശം. കുസാറ്റിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

പ്രതിഫലം നൽകേണ്ട കലാപരിപാടികൾക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. എന്നാൽ, അഞ്ചുദിവസംമുമ്പ് വിശദവിവരങ്ങൾ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം. പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ റിസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റികൾ ഉണ്ടാക്കണം.

200 പേരിൽക്കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് കമ്മിറ്റിയുടെ അനുമതി വേണം. അധ്യാപകരുടെ മേൽനോട്ടവും പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സംവിധാനമുള്ള മെഡിക്കൽ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.

കോളേജ് യൂണിയൻ ഓഫീസിന്‍റെ പ്രവർത്തനം അധ്യയനദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ആറുമണിവരെയാക്കി. വിശേഷാവസരങ്ങളിൽ സ്ഥാപനമേധാവിയുടെ അനുമതിയോടെ ഇത് രാത്രി ഒൻപതുമണിവരെയാക്കാം. കാമ്പസിന്റെയും ഹോസ്റ്റലുകളുടെയും സുരക്ഷാച്ചുമതല പരമാവധി വിമുക്തഭടന്മാരെ ഏൽപ്പിക്കണമെന്നും നിർദേശിക്കുന്നു.