ചൂട് വർദ്ധിച്ചതോടെ കോട്ടയം ജില്ലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പോലും ജല ദൗർലഭ്യം അനുഭവപ്പെടുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി മാറി. ഇലക്ഷൻ കാലമായതിനാൽ പ്രഖ്യാപിച്ച പദ്ധതികളും മന്ദഗതിയിലാണ്.
ഇക്കുറി താപനില ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം 34 ഡിഗ്രി വരെ ഉയർന്നിരുന്നു. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജല നിരപ്പ് പരിധിയിലധികം താഴ്ന്നിട്ടുണ്ട്. ഇത് വാട്ടർ അതോറിറ്റിയുടെ പമ്പിംഗിനെയും കാര്യമായി ബാധിച്ചു. ജലലഭ്യത ഇനിയും കുറഞ്ഞാൽ വിതരണം തടസപ്പെടാം.