വാട്സ്ആപ്പ് ഡിപി സ്ക്രീൻഷോട്ട് എടുക്കലിന് നിയന്ത്രണം

വാട്സ്ആപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. ഉടനെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ.

ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ വാട്സ്ആപ്പ് നൽകുമെന്നാണ് സൂചന. ഫീച്ചർ ഓണായിരിക്കുന്ന സമയത്ത് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ‌ ‘cannot capture screenshot. The page contains personal information’ എന്നായിരിക്കും കാണിക്കുക. അതേസമയം, ഈ ഫീച്ചര്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ഡിപി സ്ക്രീന്‍ഷോട്ട് എടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നില്ല.  ഫേസ്ബുക്കിൽ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല.

കഴിഞ്ഞ ദിവസം വാട്സ്ആപ്പ് അവതരിപ്പിച്ച ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷനുകൾ ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മെസെജുകൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയക്കാനാകും. സിമ്പിൾ ഷോട്ട് കട്ടുകൾ ഉപയോഗിച്ച് ചെയ്യാനാവുന്നതാണ് പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷൻ. ഇതിൽ ബുള്ളറ്റഡ് ലിസ്റ്റ് ഉപയോഗിച്ച് സന്ദേശങ്ങൾ പട്ടികയായി ചിട്ടപ്പെടുത്തി അയക്കാൻ സഹായിക്കുന്ന ഫീച്ചറാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസെജിന് മുമ്പായി കീബോർഡിലുള്ള  ‘-‘ ചിഹ്നം ഉപയോഗിച്ച് ഡെസ്ക്‌ടോപ്പിൽ Shift+Enter കൊടുക്കണം. ‘-‘ ചിഹ്നത്തിനും ടെക്‌സ്‌റ്റിനും ഇടയിൽ ഒരു സ്‌പെയ്‌സ് നൽകണം. അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയം ക്രിയേറ്റ് ചെയ്യുമെന്നതായിരുന്നു മെച്ചം.