പിറ്റ്ബുൾ ടെറിയർ, റോട്ട്‌വീലര്‍ തുടങ്ങിയ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട്‌വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം.

പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് നിരോധിച്ചത്. ഈ നായ്ക്കളുടെ വിൽപനയ്ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. വളർത്തുമൃഗങ്ങളായി വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ പ്രജനനം തടയുന്നതിന് വന്ധ്യംകരണം ചെയ്യണമെന്നും നിർദേശമുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കത്ത് നൽകിയിരിക്കുന്നത്.

ഈ ഇനം നായകൾ മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം എന്ന സംഘടന ഇവയുൾപ്പെടെ ചില വിഭാഗം നായകളുടെ നിരോധിക്കണമെന്നും, ഈ നായകളെ വളർത്തുന്നതിന് ഇത് വരെ അനുവദിച്ച ലൈസൻസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് അപകടകാരികളായ ഇനം നായകളെ നിരോധിക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്‍റിനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ‌ിഫ്‌സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയിൽ ഉൾപ്പെടുന്നു. ഇവയുടെ സങ്കരയിനങ്ങളെയും വിലക്കിയിട്ടുണ്ട്.