ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

ലൊസാഞ്ചലസ്: 96-ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി.

കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്‍റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലിബ്രെറ്റികള്‍ ചുവന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്.