പകലും രാത്രിയും ഒരുപോലെ ചുട്ടുപൊള്ളും, വേനൽമഴയ്‌ക്കും സാധ്യതയില്ല

മാർച്ച് ഏപ്രില്‍ മാസങ്ങളില്‍ മൂന്ന് വർഷത്തിനിടയിലെ കൂടിയ ചൂടാവും അനുഭവപ്പെട്ടേക്കുക. പകൽ ചൂടിനൊപ്പം രാത്രിയിലും ചൂട് വർദ്ധിക്കുന്ന പ്രതിഭാസമാണിപ്പോൾ. ഉയർന്ന അന്തരീക്ഷ ആർദ്രത കാലാവസ്ഥയെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. നിലവിൽ 34 മുതൽ 37 ഡിഗ്രി വരെ ചൂടാണ് മലപ്പുറം ജില്ലയിൽ അനുഭവപ്പെടുന്നത്. വൈകിട്ട് പോലും 30 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ ജില്ലയിലെ താപമാപിനികളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഉഷ്ണതരംഗ ദിവസങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. ഇതിനൊപ്പം വേനൽമഴ നീളുക കൂടി ചെയ്താൽ സ്ഥിതി രൂക്ഷമാവും.

മാർച്ച് ഒന്ന് മുതൽ എട്ട് വരെ 2.5 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ജില്ലയിലെ ആറ് വെതർ സ്റ്റേഷനുകളിലും മഴ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാലയളവിൽ മഴയിൽ 100 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ അതിവേഗം വറ്റുമ്പോൾ വേനൽ മഴ മാറിനിൽക്കുന്നത് കുടിവെളുമടക്കം വറ്റിക്കും.