എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാ മൂർത്തി ഇംഗ്ലിഷ്–കന്നഡ സാഹിത്യലോകത്ത് ഏറെ പ്രശസ്തയാണ്. സുധാ മൂർത്തിയുടെ രചനകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.
2006ൽ രാജ്യം പത്മശ്രീയും 2023ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ആർ.കെ.നാരായണൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.