സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘സി സ്പേസി’ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മലയാള സിനിമയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നിര്‍ണായക ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാമേന്മയുള്ളതും ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതും ശ്രദ്ധേയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയുമായ മലയാള ചിത്രങ്ങള്‍ സി സ്പേസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് (കെഎസ്എഫ് ഡിസി) സി സ്പേസിന്‍റെ നിര്‍വ്വഹണച്ചുമതല. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്പേസില്‍ ഒരു സിനിമ 75 രൂപയ്ക്ക് കാണാം. സി സ്പേസില്‍ സ്ട്രീം ചെയ്യുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന് 40 രൂപയും 30 മിനിറ്റുള്ളവയ്ക്ക് 30 രൂപയും 20 മിനിറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഈടാക്കുക. ഈടാക്കുന്ന തുകയുടെ പകുതി തുക നിര്‍മ്മാതാവിന് ലഭിക്കും. പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.