നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന്( ഫെബ്രുവരി 29) വൈകിട്ട് 4.30 ന് നിർവഹിക്കും. തട്ടാവേലി ജംഗ്ഷനിലുളള ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന പരിപാടിയില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. നീർപ്പാറ ജംഗ്ഷനില്‍ നിന്നാരംഭിച്ച് ഏറ്റുമാനൂർ എറണാകുളം റോഡിലെ തലേയാലപ്പറമ്പ് മാർക്കറ്റ് ജംഗ്ഷനിലാണ് റോഡ് അവസാനിക്കുന്നത്.
എറണാകുളത്തുനിന്നു തലയോലപ്പറമ്പിലേക്കു പോകുന്ന നീർപ്പാറ തലപ്പാറ റോഡില്‍ നീർപ്പാറ ജംഗ്ഷനില്‍നിന്നു തലയോലപ്പറമ്പിലേക്കുളള ബൈപ്പാസ് റോഡാണിത്. ശബരിമല സീസണില്‍ തലപ്പാറ നീർപ്പാറ ജംഗ്ഷനില്‍ അനുഭവപ്പെടുന്ന ഗതാഗതാക്കുരുക്കിന് ഇതോടെ പരിഹാരമാകും.
7.01 കോടി രൂപ ചെലവില്‍ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. വെളളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഉപരിതലം 5.50 മീറ്റർ വീതിയില്‍ ബി.എം ആൻഡ് ബി.സി നവീകരിച്ചു.
ചാലുംകല്ലില്‍ ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചു പുനർനിർമിക്കുകയും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് ദീർഘകാലം നില നില്‍ക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, കാനകള്‍, ക്രോസ് ഡ്രൈനുകള്‍, ഐറിഷ് ഡ്രൈനുകള്‍ എന്നിവ നിർമിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് കൂടുതലുള്ള രണ്ടിടങ്ങളില്‍ ഇന്റർലോക്കിങ് ടൈല്‍ വിരിച്ചിട്ടുമുണ്ട്. ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ പ്രദേശവാസികളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കാൻ റോഡ് ഉപകരിക്കും.