വിനോദയാത്ര, ബന്ധുവീടുകളിലേക്കുള്ള യാത്ര… അങ്ങനെ അവധിക്കാലത്ത് യാത്രകൾ അനവധിയാണ്. വീട് പൂട്ടിയിട്ട് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ…
- നിങ്ങൾ യാത്ര കഴിഞ്ഞ് വരുന്നതുവരെ ദിനപ്പത്രങ്ങളും വാരികകളും വീട്ടിൽ ഇടേണ്ടെന്ന് പത്രക്കാരനോട് പറയുക. മുറ്റത്തും, സിറ്റൗട്ടിലുമായി കിടക്കുന്ന പത്രങ്ങളും വാരികകളും മാസികകളും കള്ളനെ വീട്ടിൽ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായ നടപടിയാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.
- യാത്രാവിവരങ്ങൾ പരസ്യമായി ചർച്ച ചെയ്യരുത്. അയൽപക്കത്ത് മാത്രം യാത്രയുടെ വിവരങ്ങൾ അറിയിക്കുക.
- വീടിന്റെ ഒരു താക്കോൽ വിശ്വസ്തനായ ഒരു സുഹൃത്തിനെയോ, ബന്ധുവിനെയോ അയൽക്കാരനെയോ ഏൽപ്പിക്കുക. യാത്രാവേളയിൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അഡ്രസ്സും ഫോൺനമ്പറും ഇ-മെയിൽ അഡ്രസ്സും ഇവരോട് പറഞ്ഞിരിക്കണം.
- ഫ്രിഡ്ജിലുള്ള ഭക്ഷ്യവസ്തുക്കൾ മുഴുവനും മാറ്റിയിരിക്കണം.
- വൈദ്യുതി കണക്ഷൻ പ്ലഗ് ഊരിയിടുക. വീട്ടിലുള്ള എല്ലാ വൈദ്യുതി ഉപകരണങ്ങളുടെയും കണക്ഷൻ വിടുവിക്കുക. ടെലിവിഷനിലേക്കുള്ള കണക്ഷനുകളും വേർപെടുത്തിയിരിക്കണം.
- എല്ലാ വാതിലുകളും ജനാലകളും ഭദ്രമായി അടയ്ക്കുക.
- ഗ്യാസ് കണക്ഷൻ വേർപെടുത്തിയിടുക.
- വീട്ടിലെ കാർ യാത്രയ്ക്ക് എടുക്കുന്നില്ലെങ്കിൽ ഗ്യാരേജിലിട്ട് പൂട്ടുക. കാറിന്റെ ബാറ്ററി ഡിസ്കണക്ട് ചെയ്യുക.
- വീട്ടിലെ വാട്ടർടാപ്പുകൾ എല്ലാം അടച്ചിട്ടുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
- ആഭരണങ്ങൾ, ഷെയർ സർട്ടിഫിക്കറ്റുകൾ, ഫിക്സഡ് ഡിപ്പോസിറ്റ് റസീപ്റ്റുകൾ എന്നിവ വീട്ടിൽ വയ്ക്കാതെ അവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക.
വീട് പൂട്ടി ദൂരയാത്ര പോകുന്നവരോ, ദീര്‍ഘകാലത്തേക്ക് വീട് മാറി നില്ക്കുന്നവരോ ആണെങ്കില്‍ കേരളാപോലീസിന്റെ ‘പോൽ ആപ്പി’ലെ (POL APP) സേവനം ഉപയോഗപ്പെടുത്താവുന്നതുമാണ്.