തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെയാണ് ആർബിഐ വായ്പ നിരക്ക് വർദ്ധിപ്പിക്കാതിരുന്നത്. 6.50 ശതമാനത്തില്‍തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിലനിർത്തി.
നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ യോഗമാണ് അവസാനിച്ചത്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% ആയി തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പം ഇപ്പോഴും 4 ശതമാനത്തിന് മുകളിലാണെന്നും അത് ആർബിഐയുടെ ലക്ഷ്യത്തിനും മുകളിലാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജൂൺ 2 വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 595.1 ബില്യൺ ഡോളറാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും സാമ്പത്തിക മേഖലയും പ്രതിരോധശേഷിയുള്ളതാണെന്നും അവ ശക്തമാണെന്നും ഗവർണർ പറഞ്ഞു.