പ്രധാനമന്ത്രി നാളെ വിഎസ്എസ്‌സി സന്ദർശിക്കും; ​ഗ​​ഗൻയാന്റെ ഒരുക്കങ്ങൾ വിശകലനം ചെയ്യും

നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കും. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് പ്രധാനമന്ത്രി വിഎസ്എസ്‌സിയിലെത്തുന്നത്.

രാവിലെ 10.45 മുതൽ 11.45 വരെ നടക്കുന്ന ശാസ്ത്രജ്ഞരുടെ യോ​ഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.​ ഗ​ഗൻയാനിലെ സഞ്ചാരികൾ ആരൊക്കെയാകുമെന്ന പ്രഖ്യാപനവും നാളെ നടക്കും. തിരഞ്ഞെടുക്കുന്ന സഞ്ചാരികൾക്ക് റഷ്യയിലെ ​ഗ​ഗാറിൻ കോസ്മോനട്ട് ട്രെയിനിം​ഗ് സെന്ററിലും ബെം​ഗളൂരുവിലെ അസ്ട്രോനട്ട് ട്രെയിനിം​ഗ് ഫെസിലിറ്റിയിലും പരിശീലനം നൽകും. ഇന്ത്യൻ വ്യോമസേനയിലെ ഒരു ഡസനോളം പൈലറ്റുമാരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലനങ്ങൾക്ക് ശേഷമാണ് നാല് പേരെ തിരഞ്ഞെടുത്തത്.

വിഎസ്എസ്‌സി, സതീഷ് ധവാൻ സ്പെയ്സ് സെന്റർ, തമിഴ്നാട്ടിലെ ഐപിആർസി മഹേന്ദ്ര​ഗിരി എന്നിവിടങ്ങളിലെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നിർവഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്.