പേവിഷബാധക്കുള്ള വാക്സിൻ ഇനി സൗജന്യമല്ല

പേവിഷബാധക്കുള്ള വാക്സിൻ ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പേവിഷബാധയ്ക്കുള്ള ചികിത്സ സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. തെരുവുനായ കടിച്ചാലും അല്ലെങ്കിൽ വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരുന്നു. ഈ രീതിക്കാണ് മാറ്റം വരുത്തുന്നത്.

നായ കടിയേറ്റ് ചികിത്സക്ക് വരുന്നവരില്‍ 70 ശതമാനവും ഉയര്‍ന്ന വരുമാനമുള്ളവരാണ്. ഇവരില്‍ ഏറെപേരും എത്തുന്നത് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ കടിയേറ്റാണ്. ഈ വിഷയം മെഡിക്കല്‍ കോളെജുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളെജുകളില്‍ പേവിഷബാധയ്ക്ക് ചികിത്സ തേടിയവരില്‍ 60 ശതമാനത്തിലധികവും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാണ്. വളര്‍ത്തുമൃഗങ്ങള്‍ കടിച്ച് പേവിഷബാധയുണ്ടായി ചികിത്സ തേടുന്നവരില്‍ നിന്ന് വാക്സിന്റേയും അനുബന്ധ മരുന്നുകളുടേയും പണം ഈടാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. പേവിഷ വാക്‌സിൻ ബിപിഎല്‍ കാർഡുള്ളവർക്ക് മാത്രം സൗജന്യമായി നല്‍കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.

അതേസമയം, ബിപിഎല്ലുകാരെ വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും വാക്സിന്‍ സൗജന്യമായി നല്‍കും. ഒരു വയലിന് 300 മുതല്‍ 350 രൂപ വരെ പൊതുവിപണയില്‍ വില നല്‍കിയാണ് ആന്റിറാബിസ് വാക്സിൻ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് നാല് ഡോസ് വാക്സിന്‍ നല്‍കണം. 500 രൂപ വിലവരുന്ന റെഡിമെയ്ഡ് ആന്റിബോഡിയും ഇതിനൊപ്പം സൗജന്യമായി നല്‍കുന്നുണ്ട്. തെരുവുനായ കടിച്ച് ഗുരുതരമായ സ്ഥിതിയിലുള്ളവര്‍ക്ക് മനുഷ്യശരീരത്തില്‍ നിന്ന് തയ്യാറാക്കിയ റെഡിമെയ്ഡ് ആന്റിബോഡിയാണ് നല്‍കുന്നത്. 20,000 മുതല്‍ 35,000 രൂപ വരെയാണ് സര്‍ക്കാര്‍ ഇതിനായി ചെലവാക്കുന്നത്.