പ്ലസ് വൺ പ്രവേശനം; പുതിയ ബാച്ചുകൾ അനുവദിക്കും

എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക്‌ ഉപരിപഠനം ഉറപ്പാക്കാനായി കുട്ടികളുടെ എണ്ണംകുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റുകയും പുതിയവ അനുവദിക്കുകയും ചെയ്യും. പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഹയർ സെക്കൻഡറി പ്രവേശനം സംബന്ധിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 65000 സീറ്റ്‌ വർധിപ്പിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു.

വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, പൊളിടെക്‌നിക്‌ എന്നിവിടങ്ങളിലെ സീറ്റുകൾകൂടി കണക്കാക്കി ഹയർ സെക്കൻഡറിയിൽ സീറ്റുകൾ ഉറപ്പാക്കും. പ്ലസ്‌ വണ്ണിന്‌ 362000 സീറ്റാണ്‌ സ്ഥിരമായുള്ളത്‌. വർധിപ്പിച്ചതുകൂടി ചേരുമ്പോൾ 437000 സീറ്റാകും. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 81 താൽക്കാലിക ബാച്ച്‌ തുടരാനും മാർജിനൽ സീറ്റ് വർധനയ്‌ക്കും തീരുമാനിച്ചതോടെയാണ്‌ സീറ്റ്‌ കൂടിയത്‌.