ട്രെയിൻ ടിക്കറ്റിനൊപ്പം 35 പൈസ മുടക്കിയാൽ ഇൻഷുറൻസ് 10 ലക്ഷം

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സമയത്തു വെറും 35 പൈസ അധികമായി നൽകിയാൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള അപകടങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. 2016 ലാണ് ഈ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്.

ഇൻഷുറൻസ് തുക

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പൂർണമായി അംഗപരിമിതരാകുന്നവർക്കും 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗപരിമിതിക്ക് 7.5 ലക്ഷം രൂപയാണു ലഭിക്കുക. പരിക്കേറ്റവർക്ക് ആശുപത്രിച്ചെലവിന് 2 ലക്ഷം രൂപ ലഭിക്കും.

എന്തിനൊക്കെ?

പാളം തെറ്റൽ, കൂട്ടിയിടി എന്നിവയ്ക്കു പുറമേ ഭീകരാക്രമണം, മോഷണശ്രമത്തിനിടെയുള്ള ആക്രമണം, വെടിവയ്പ്, തീവയ്പ് എന്നിവയ്ക്കും ഇൻഷുറൻസ് കവറേജുണ്ട്. ട്രെയിനിൽ നിന്ന് വീണാലും പരിരക്ഷയുണ്ടാകും. ലിബർട്ടി ജനറൽ ഇൻഷുറൻസ്, എസ്ബിഐ ജനറൽ ഇൻഷുറൻസ് എന്നിവയാണ് ഇൻഷുറൻസ് നൽകുന്നത്.

എങ്ങനെ?

ഐആർസിടിസി പോർട്ടൽ വഴി ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് Travel Insurance എന്നതിനു താഴെ Yes, and I accept തിരഞ്ഞെടുക്കുക. ഇതോടെ ഒരു പിഎൻആർ നമ്പറിലുള്ള എല്ലാവർക്കും ഇതു ബാധകമാകും. ഒരാൾക്ക് 35 പൈസയാണ് ഒറ്റതവണയുള്ള പ്രീമിയം. ടിക്കറ്റ് ചാർജിനൊപ്പം ഇതും ഈടാക്കും. തുടർന്ന് പോളിസി വിവരങ്ങൾ മെയിൽ, എസ്എംഎസ് ആയി ലഭിക്കും. അതിലുള്ള ലിങ്കിൽ പോയി നോമിനിയുടെ പേര് നൽകണം. നൽകിയില്ലെങ്കിൽ ക്ലെയിം വന്നാൽ നിയമപരമായ പിന്തുടർച്ചാവകാശിക്ക് തുക ലഭിക്കും. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സീറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കിൽ അവർക്ക് ഇൻഷുറൻസ് ലഭിക്കില്ല.