നല്ല പെരുമാറ്റം ശീലമാക്കാം..

വ്യക്തികളുടെ പെരുമാറ്റരീതികളുടെ ആകെത്തുകയാണ് സമൂഹത്തിലെ മര്യാദ. മുതിർന്നവരുടെ പെരുമാറ്റരീതികൾ കുട്ടികൾ അനുകരിക്കുമെന്നതിൽ വാസ്തവമുണ്ട്. പക്ഷേ കൗമാരത്തിലെത്തുന്നവർ മോശമായ മാതൃകകളിൽ ആകൃഷ്ടരായി സാമാന്യമര്യാദകൾ മറന്നു പെരുമാറുന്നത് സാധാരണമായിട്ടുണ്ട്. അത് മാറ്റി നിര്‍ത്തി നല്ല പെരുമാറ്റരീതികൾ നാം ശീലിക്കണം.

  • അന്യർക്കു പ്രയാസമുണ്ടാക്കുന്നവിധം പെരുമാറാതിരിക്കുക
  • സ്വന്തം വീക്ഷണം അംഗീകരിക്കാത്തവരെ ശത്രുവായി കരുതാതിരിക്കുക
  • മതം, രാഷ്ട്രീയാഭിപ്രായം എന്നിവയെ സംബന്ധിച്ച വാഗ്വാദം ഒഴിവാക്കുക.
  • പലരും പങ്കെടുത്തു സംസാരിക്കുമ്പോൾ, അപരിചിതരുണ്ടെങ്കിൽ സ്വയം പേര് പറഞ്ഞു പരിചയപ്പെടുത്തുക
  • ഞാൻ പറഞ്ഞുതരാം, നിങ്ങൾക്കതു മനസ്സിലാകില്ല, ഞാൻ പറയുന്നതു കേൾക്കു എന്നു തുടങ്ങി അന്യരെ താഴ്ത്തിക്കെട്ടുന്ന പ്രയോഗങ്ങൾ ഒഴിവാക്കുക
  • വീരവാദങ്ങളോ വെല്ലുവിളികളോ വേണ്ട. സ്വന്തം നേട്ടങ്ങൾ പെരുപ്പിക്കേണ്ട
  • നിശ്ചയമില്ലാത്ത കാര്യം സംശയം ചോദിച്ചു മനസ്സിലാക്കാൻ മടിക്കേണ്ട
  • നല്ല കേൾവിക്കാരനാകുക. കണ്ണിൽ നോക്കി സംസാരിക്കുക
  • ചെയ്തുപോയ തെറ്റ് തെറ്റല്ലെന്നു വാദിക്കാതിരിക്കുക
  • ആരെയും അധിക്ഷേപിക്കാതിരിക്കുക
  • മാപ്പു പറയേണ്ടിവന്നാൽ മാപ്പു പറയുക
  • ചെറുകാര്യങ്ങൾ അഭിമാനപ്രശ്‌നമാക്കാതിരിക്കുക
  • അധികാരശ്രേണിയിൽ താഴെയുള്ളവരോട് കാരുണ്യത്തോടെ പെരുമാറുക
  • പ്രായം കൂടിയവരോടു വിനയത്തോടെ സംസാരിക്കുക
  • ആവശ്യപ്പെടാതെ ആരെയും ഉപദേശിക്കേണ്ട
  • മുതിർന്നയാളെന്ന ബലത്തിൽ ആരെയും ഗുണദോഷിക്കാൻ പോകാതിരിക്കുക
  • മീറ്റിങ്ങിലും സംഗീതക്കച്ചേരിയിലും മറ്റും പങ്കെടുക്കുമ്പോൾ മൊബൈൽ ഫോണിലോ അല്ലാതെയോ ഉറക്കെ സംസാരിക്കാതിരിക്കുക
  • കുട്ടത്തിൽ നമ്മുടെ ഭാഷയറിയാത്തവരുമുണ്ടെങ്കിൽ അവർക്കുമറിയാവുന്ന ഭാഷയിൽ സംസാരിക്കുക
  • യോഗത്തിനു വൈകിയെത്തുന്നെങ്കിൽ ശ്രദ്ധയാകർഷിക്കാത്തവിധം പിന്നിൽ നിശ്ശബ്‌ദമായി കടന്നിരിക്കുക
  • ഡോക്ടറെയും മറ്റും സന്ദർശിക്കാനെത്തുമ്പോൾ മൊബൈൽ ഫോൺ നിശ്ശബ്ദമായി വയ്ക്കുക. മറ്റുള്ളവരുടെ മൊബൈൽ ഫോൺ പരിശോധിക്കേണ്ട
  • മരണവീട്ടിൽ ഉറക്കെ സംസാരിക്കാതിരിക്കുക
  • ഏതു ക്യുവായാലും മുറ തെറ്റിക്കാൻ ശ്രമിക്കാതിരിക്കുക, ലിഫ്റ്റ് തുറക്കുമ്പോഴും ബസ്സോ ട്രെയിനോ നിർത്തിക്കഴിയുമ്പോഴും ഇടിച്ചു മുന്നേറാൻ ശ്രമിക്കാതിരിക്കുക
  • അനുവാദമുള്ളതിലേറെ ഹാൻഡ് ബാഗേജുമായി വിമാനത്തിൽ കയറാനെത്തി സ്‌റ്റാഫുമായി വാഗ്വാദത്തിലേർപ്പെടാതിരിക്കുക
  • തിരക്കുസമയത്ത് എടിഎമ്മുകളിൽ ഏറെ സമയമെടുക്കാതിരിക്കുക
  • ആതിഥ്യം നൽകുന്ന വീട്ടിലെ ആഹാരം മോശമെന്നു പറയരുത്. നല്ല വാക്കു പറയാം
  • വീട്ടിൽ വരുന്ന അതിഥികളെ ആഹാരം കഴിക്കാൻ നിർബന്ധിക്കാതിരിക്കുക
  • ഭക്ഷണശാലയിൽ ശബ്‌ദമുയർത്തി സംസാരിക്കേണ്ട. ബെയററോടു കയർക്കേണ്ട
  • കാർ പാർക്കു ചെയ്യുമ്പോൾ പിന്നീടു വരുന്നവരുടെ സൗകര്യവും പരിഗണിക്കുക. അത്യാവശ്യത്തിനു മാത്രം കാറിന്റെയും ബൈക്കിന്റെയും ഹോൺ ഉപയോഗിക്കുക
  • വണ്ടിയോടിക്കുമ്പോൾ ഓവർട്ടേക്ക് ചെയ്‌തയാളെ കടത്തിവെട്ടാൻ വേഗം കുട്ടാതിരിക്കുക
  • ട്രാഫിക് നിയമങ്ങൾ ശുഷ്‌കാന്തിയോടെ പാലിക്കുക
  • വീട്ടിലാണെങ്കിൽപ്പോലും അന്യർക്കു വിഷമമുണ്ടാകുംവിധം പുകവലിക്കാതിരിക്കുക. കാറിനകത്തു പുകവലി വേണ്ട
  • സുഹൃത്തുക്കളിൽ നിന്നു പണം കടംവാങ്ങി, നേരത്തു മടക്കിനൽകാതെ, അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ലെന്ന മട്ടിൽ പെരുമാറാതിരിക്കുക.
  • സന്ദർഭത്തിനു ചേരാത്ത വസ്ത്രം ധരിക്കേണ്ട. ‘നമുക്കുവേണ്ടി ആഹാരം കഴിക്കുന്നു, അന്യർക്കുവേണ്ടി വസ്ത്രം ധരിക്കുന്നു’ എന്ന മൊഴി മനസ്സിൽ വയ്ക്കുക
  • സഹപാഠികളോടു സ്നേഹത്തോടെ പെരുമാറുക
  • ജലദോഷം മാത്രമാണുള്ളതെങ്കിൽപ്പോലും അന്യരുടെ അടുത്തു ചെന്നു പെരുമാറാതിരിക്കുക
  • പരസ്യമായി ഏമ്പക്കം വിടുകയോ മുക്കു ചീറ്റുകയോ വേണ്ട. വാഷ്ബേസിൻ ഉപയോഗിക്കുമ്പോൾ കാർക്കിക്കുന്നതിന്റെയടക്കം ശബ്ദങ്ങൾ ഒഴിവാക്കുക
  • ടോയിലറ്റിൽനിന്നും വാഷ്ബേസിൽനിന്നും മടങ്ങുന്നതിനു മുൻപ് അതു ശുചിയാക്കിയെന്ന് ഉറപ്പാക്കുക. നാം ചെല്ലുമ്പോൾ എങ്ങനെയിരിക്കണം എന്ന് ആഗ്രഹിക്കകുന്നുവോ, കഴിയുന്നതും ആ രീതിയിലാക്കിയിട്ടു മടങ്ങുക
  • വായിൽ കുത്തിനിറച്ച് ആഹാരം കഴിക്കരുത്. പലരുടെയും കൂട്ടത്തിലിരിക്കുമ്പോൾ വിശേഷിച്ചും പാടില്ല. വായ് നിറയെ ആഹാരം വച്ചു സംസാരിക്കാതിരിക്കുക
  • വളർത്തുനായ്ക്കളുമായി അന്യരുടെ വീട്ടിനുള്ളിൽ കടക്കാതിരിക്കുക
  • മറ്റുള്ളവരുടെ നവജാതശിശുക്കളെ എടുക്കാനോ ഉമ്മ കൊടുക്കാനോ പോകേണ്ട
  • നവദമ്പതികളോട് ‘വിശേഷ ‘മുണ്ടോയെന്ന ചോദ്യവും തുടർചോദ്യങ്ങളും വേണ്ട
  • കുട്ടികൾ അപരിചിതരിൽനിന്ന് ആഹാരം വാങ്ങാതെ സൂക്ഷിക്കുക

പെരുമാറ്റം പലപ്പോഴും സ്വഭാവത്തിൻ്റെ പ്രതിഫലനമാണ്. ‘ധനം പോയാൽ ഒന്നും പോയില്ല; ആരോഗ്യം പോയാൽ ചിലതു പോയി; സ്വഭാവം പോയാൽ സർവതും പോയി’ എന്നു മതപ്രഭാഷകൻ ബില്ലി ഗ്രഹാം പറയുകയുണ്ടായി. അന്യരുടെ വികാരങ്ങളെപ്പറ്റി ചിന്തിക്കുന്നയാൾ നന്നായി പെരുമാറും. മൂല്യങ്ങൾ മാറുമ്പോൾ പെരുമാറ്റവും മാറും. മൂല്യങ്ങൾക്കു വില കൽപിക്കാത്ത വഴിവിട്ട പെരുമാറ്റങ്ങൾ വേണ്ട. സ്വന്തം മാതൃകവഴി കുഞ്ഞുങ്ങൾക്കു മികച്ച മൂല്യങ്ങൾ പകർന്നു നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടുന്നു.