വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെയും മറ്റും മേൽക്കുരയിൽ സോളർ പദ്ധതി സ്ഥാപിക്കുന്നതിനായി പവർ ഫിനാൻസ് കോർപറേഷൻ അടക്കം 8 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആർഇസി ലിമിറ്റഡ് (റുറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ) 1.2 ലക്ഷം കോടി രൂപ വായ്പയായി നൽകും. ഈ കമ്പനികൾക്ക് വാണിജ്യ സ്ഥാപനങ്ങളിൽ സൗരോർജ പദ്ധതികൾ സ്ഥാപിച്ചു നൽകാം.
വീടുകളിലും മറ്റും സോളർ പദ്ധതി സ്ഥാപിക്കുമ്പോൾ ഉടമയാണ് കേന്ദ്ര സബ്സിഡി ഒഴികെയുള്ള ചെലവ് വഹിക്കുന്നത്. എന്നാൽ വാണിജ്യ സ്ഥാപനങ്ങൾക്ക് വലിയ മുതൽമുടക്ക് നടത്താനില്ലെങ്കിൽ അതിന്റെ പൂർണ ചെലവും പൊതുമേഖലാ സ്ഥാപനം വഹിക്കും. വാണിജ്യ സ്ഥാപനത്തിന്റെ ഉടമ സ്ഥലം വിട്ടുനൽകിയാൽ മതി. ഇതിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് സ്ഥാപന ഉടമയ്ക്ക് നൽകും. റുപ്ടോപ് സോളർ പദ്ധതിയുടെ നോഡൽ ഏജൻസി കേന്ദ്രസർക്കാരിനു കീഴിലുള്ള ആർഇസി ലിമിറ്റഡ് ആണ്.