ആപ് പുതുക്കാൻ പോയി ആപ്പിലാകല്ലേ

ബാങ്കിന്റെ മൊബൈൽ ആപ് അപ്‌ഡേറ്റ്‌ ചെയ്യണം, ഈ ലിങ്കിൽ ഒന്ന്‌ ക്ലിക്ക് ചെയ്യാമോ…? ഈ സന്ദേശം കണ്ടാൽ ആദ്യംതന്നെ അവഗണിക്കുക. ലിങ്ക്‌ നിങ്ങളെ എത്തിക്കുന്നത്‌ ബാങ്കിന്റെ വെബ്‌സൈറ്റ്‌ തന്നെയെന്ന്‌ തോന്നിപ്പിക്കുന്ന വ്യാജനിലേക്കാണ്‌.

ഇതിൽ കയറിയാൽ ആദ്യം ആവശ്യപ്പെടുക നിങ്ങളുടെ യൂസർ നെയിമും പാസ്‌വേർഡുമാണ്‌. ഇത്‌ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒടിപി പോലും വേണ്ട. നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കീശയിലെത്തും. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി എറണാകുളം റൂറൽ സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.

ആപ് അപ്‌ഡേറ്റ്‌ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌ത കളമശേരി സ്വദേശിക്ക്‌ ലക്ഷങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. ആലുവയിലും നിരവധിപേർ ഇത്തരം തട്ടിപ്പിനിരയായി.