പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതാണ്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതാണെന്നും സ്പീക്കർ എ.എൻ ഷംസീർ.
ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കുന്നതാണ്. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരുന്നതിന് നിശ്ചയിച്ചിരിക്കുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ട്.
നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2024-25 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കർ അറിയിച്ചു.