ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മോദി സർക്കാരിനായി നിർണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഉദ്ഘാടന ദിവസം പ്രസിഡന്റ് ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ഇടക്കാല ബജറ്റിൽ, സ്ത്രീ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശം ഉണ്ടായേക്കാമെന്നുള്ള റിപ്പോർട്ടുണ്ട്. ഇത് സർക്കാരിന് 12,000 കോടി രൂപ അധിക ബാധ്യത വരുത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും ഇത്തവണ.
എന്താണ് ഇടക്കാല ബജറ്റ്?
ഒരു തിരഞ്ഞെടുപ്പ് വർഷത്തിലോ സമ്പൂർണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ഭരിക്കുന്ന സർക്കാർ ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സർക്കാർ ആയിരിക്കും മുഴുവൻ വാർഷിക ബജറ്റും തയ്യാറാക്കുക.