കേരളത്തിൽ പകൽ ചൂട് കൂടും; പുലർച്ചെ തണുപ്പും

കേരളത്തിൽ വരും ദിവസങ്ങളിൽ പകൽ താപനില കൂടും. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനമെന്ന റെക്കോർഡ് ഇനിയുള്ള ദിവസങ്ങളിലും കേരളം നിലനിർത്തും. ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില 35.3 ഡിഗ്രി സെൽഷ്യസ് ആലപ്പുഴയിലാണ് രേഖപ്പെടുത്തിയത്. വടക്കൻ കേരളത്തിലെ കണ്ണൂർ, മധ്യകേരളത്തിൽ കോട്ടയം, ആലപ്പുഴ തെക്കൻ കേരളത്തിലെ പുനലൂർ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ താപനില റിപ്പോർട്ട് ചെയ്യാൻ സാധ്യത. അതേസമയം, രാത്രി തണുപ്പ് തിരികെ എത്തും. വൈകിയും പുലർച്ചെയും നല്ല തണുപ്പും അനുഭവപ്പെടും.   

ഉത്തരേന്ത്യയിൽ നിന്നുള്ള ശൈത്യക്കാറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതോടെയാണ് തമിഴ്നാട്ടിലും കർണാടകയിലും കേരളത്തിലും രാവിലെ തണുപ്പും മഞ്ഞും അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച മഴക്കു ശേഷം ഇന്നു മുതൽ വീണ്ടും വരണ്ട കാലാവസ്ഥക്കാണ്  സാധ്യത. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കു സമീപമായി രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നലെയോടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് കേരളതീരത്ത് എത്തിയിട്ടുണ്ട്. ലോവർ ട്രാപോസ്ഫിയറിൽ 1.5 കി.മീ. ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. കാലവർഷമാണെങ്കിൽ ഇത്തരം അവസ്ഥ കേരളത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന മഴ നൽകുമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ വരണ്ട കാലാവസ്ഥയാണ് ഈ അവസ്ഥയിൽ പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ അടുത്ത പത്തു ദിവസം മഴ കുറയുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴികളും കാരണം തുലാവർഷം വിടവാങ്ങേണ്ട സമയമായിട്ടും ഇതുവരെ പിൻവാങ്ങിയിട്ടില്ല.