നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് പൊളിച്ചുപണിയും. കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാൻപാകത്തിൽ ബസിൽ മാറ്റംവരുത്തും. പൊതുജനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിന് മുന്നോടിയായി, മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി. കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസുകളും നീക്കംചെയ്യും. സാധാരണ കോൺട്രാക്ട‌് കാരേജായി ബസിനെ മാറ്റും. ചെറിയ മാറ്റങ്ങളോടെ ശൗചാലയം നിലനിർത്തും.
വി.ഐ.പി. സുരക്ഷയ്ക്കുവേണ്ടി നവകേരള ബസിൽ ഒരുക്കിയിരുന്ന സജ്ജീകരണങ്ങൾ നീക്കംചെയ്യും. വശങ്ങളിൽ കൂടുതൽ കാഴ്ച് കിട്ടുന്ന ഗ്ലാസുകൾ ഇടംപിടിക്കും. സാധാരണ ബസുകളിൽ ഉപയോഗിക്കുന്ന റൂപ്ടോപ്പ് എ.സി. മാത്രമാണ് ഇനിയുണ്ടാകുക. സാധനങ്ങൾവെക്കാൻ പിന്നിൽ ഇടമുണ്ടാക്കുന്നതിനായി സീറ്റുകൾ പുനഃക്രമീകരിക്കും.
നവകേരളസദസ്സിൻ്റെ എറണാകുളം പര്യടനം അവസാനിച്ചശേഷമാണ് ബസ് ബെംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബിൽഡേഴ്‌സിന് കൈമാറിയത്. ‘പ്രകാശി’ലാണ് ബസ് നിർമിച്ചത്. നിശ്ചിത ഇടവേളകളിൽ നടത്തേണ്ട പരിശോധന (പീരിയോഡിക്കൽ മെയിന്റനൻസ്) പൂർത്തീകരിച്ചാകും ബസ് കെ.എസ്.ആർ.ടി.സി.ക്ക് തിരികെ കൈമാറുക.
കുടുംബാവശ്യങ്ങൾക്കും ഗ്രൂപ്പ് ടൂറിനും ബസ് വാടകയ്ക്ക് നൽകാനാണ് നീക്കം. ഇതിനായി ഫ്രിഡ്‌ജും മൈക്രോവേവ് ഓവനും ഘടിപ്പിക്കും. ബസ് വാടകയ്ക്ക് ലഭിക്കുമോയെന്ന് ചോദിച്ച് ഒട്ടേറെ അന്വേഷണങ്ങൾ കെ.എസ്.ആർ.ടി.സി.ക്ക് കിട്ടുന്നുണ്ട്. ദിവസവാടക നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനുവരി അവസാനത്തോടെ നവകേരള ബസ് സാധാരണക്കാർക്കായി തിരിച്ചെത്തും.