ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രധാന മർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രികൾക്ക് കഴിയില്ല. ഐ.സി.യുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കരുതെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
കൂടുതൽ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവിൽ കിടത്തുന്നത് വ്യർഥമാണെന്നും മാർഗനിർദ്ദേശം പറയുന്നു. 24 അംഗങ്ങളുള്ള വിദഗ്ധസംഘമാണ് മാർഗനിർദ്ദേശത്തിന് രൂപം നൽകിയത്.
അവയവങ്ങൾ ഗുരുതരമായി തകരാറിലാകുക, ജീവൻരക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു. പ്രവേശനത്തിനുള്ള മാനദണ്ഡം നിർണയിക്കേണ്ടത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റർ ആവശ്യമായ സാഹചര്യം, തീവ്രമായ നിരീക്ഷണത്തിൻ്റെ ആവശ്യകത തുടങ്ങിയവ ഐ.സി.യു. പ്രവേശനത്തിൻ്റെ മാനദണ്ഡങ്ങളായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.
ഐ.സി.യുവിൽ നിന്ന് രോഗികളെ ഡിസ്ചാർജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തുക, ഐ.സി.യു. പ്രവേശനത്തിന് കാരണമായ രോഗാവസ്ഥ നിയന്ത്രണത്തിലാകുക, പാലിയറ്റീവ് കെയർ നിർദ്ദേശിക്കപ്പെടുക എന്നീ സാഹചര്യങ്ങളിലും രോഗിയോ കുടുംബമോ ആവശ്യപ്പെട്ടാലും രോഗിയെ ഐ.സി.യുവിൽ നിന്ന് ഡിസ്ചാർജ് ചെയ്യണം.