ആദായ നികുതി റിട്ടേണ്‍: ഡിസംബര്‍ വരെ ലഭിച്ചത് 8.18 കോടി റിട്ടേണുകള്‍

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണത്തില്‍ എക്കാലത്തെയും വര്‍ധന. ഡിസംബര്‍ 31വരെയുള്ള കണക്കുപ്രകാരം 2023-24 അസസ്‌മെന്റ് വര്‍ഷത്തില്‍ 8.18 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധന.

2023-24 അസസ്‌മെന്റ് വര്‍ഷത്തെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. ഭൂരിഭാഗംപേരും വാര്‍ഷിക വിവര പ്രസ്താവന(എഐഎസ്), നികുതിദായക വിവര സംഗ്രഹം (ടിഐഎസ്) എന്നിവയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഒത്തുനോക്കിയാണ് റിട്ടേണ്‍ നല്‍കിയതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.

എളുപ്പത്തില്‍ നികുതി അടയ്ക്കുന്നതിനായി ഡിജിറ്റല്‍ ഇ-പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഈ വര്‍ഷമാണ് അവതരിപ്പിച്ചത്. നെറ്റ്ബാങ്കിങ്, എന്‍ഇഎഫ്ടി, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമടക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതാണ് സംവിധാനം. നികുതി റിട്ടേണ്‍ നേരത്തെ ഫയല്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആദായ നികുതിവകുപ്പ് ഇ-മെയില്‍, എസ്.എം.എസ് കാമ്പയിനുകളും ഈവര്‍ഷം സംഘടിപ്പിച്ചിരുന്നു. ഇ-ഫയലിങ് ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിച്ചു. ഡിസംബര്‍ 31വരെ 27.37 ലക്ഷം അന്വേഷണങ്ങളാണ് ടീം കൈകാര്യം ചെയ്തതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.