ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി.
ജൂഡ് അന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു.