കെഎഎസ്‌ ആദ്യ ബാച്ച്‌ പരിശീലനം കഴിഞ്ഞു, ഇനി ഭരണനേതൃത്വത്തിലേക്ക്‌

ഒന്നരവർഷം നീണ്ട പഠനത്തിനും പരിശീലനത്തിനുംശേഷം കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിലേക്ക്‌. കേരള അഡ്‌മിനിസ്ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) ആദ്യബാച്ചിലെ 104 പേരാണ്‌ പാസിങ്‌ ഔട്ടിനൊരുങ്ങുന്നത്‌.

ഓപ്പൺ കാറ്റഗറി, നോൺ ഗസറ്റഡ്‌, ഗസറ്റഡ്‌ വിഭാഗങ്ങളിൽനിന്നായി 35 പേർ വീതമാണ്‌ കെഎഎസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഓപ്പൺ വിഭാഗത്തിലെ ഒരാൾ യുപിഎസ്‌സി സിവിൽ സർവീസ്‌ കിട്ടിയതോടെ രാജിവച്ചു. ഡെപ്യൂട്ടി കലക്ടർ, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി കമീഷണർ തുടങ്ങി നിരവധി പ്രധാനപ്പെട്ട തസ്തികകളിൽ കെഎഎസ്‌ ഉദ്യോഗസ്ഥരുണ്ടാകും.

ഐഎംജി (ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവേർണൻസ്‌)യുടെ കീഴിലായിരുന്നു പഠനവും പരിശീലനവും. ആദ്യ മൂന്ന്‌ മാസം ഭരണഘടനയെക്കുറിച്ചും വിവിധ നിയമങ്ങളെയും ചട്ടങ്ങളെയുംകുറിച്ചുമുള്ള ക്ലാസുകളായിരുന്നു. തുടർന്ന്‌ വിവിധ വകുപ്പുകളിലേക്കും കമീഷനുകളിലേക്കുമെല്ലാം പരിശീലനത്തിന്‌ അയച്ചു. ഭാരത ദർശൻ, കേരള ദർശനം തുടങ്ങിയ പരിപാടികളുമുണ്ടായി. രാജ്യത്തിന്റെ പലയിടങ്ങളിലുമുള്ള പ്രധാന ഓഫീസുകളും സംസ്ഥാനത്തെ വിവിധ വകുപ്പുകളും സന്ദർശിച്ച്‌ പ്രായോഗിക പരിശീലനംനേടി.