സ്ട്രെസ് അകറ്റാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍..

തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ച് മനസിലാക്കാം..

  • വ്യായാമം പതിവാക്കുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുകളുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെൻഷൻ/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
  • രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്ട്രെസുകളെയെല്ലാം ഇരട്ടിയാക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ പതിവാകുകയും ചെയ്യാം.
  • സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാവുന്ന ഒന്നാണ് ‘മൈൻഡ്‍ഫുള്‍നെസ്’. എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവൻ ശ്രദ്ധയും നല്‍കുക, നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ നീക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
  • ഡീപ് ബ്രീത്തിംഗ് പതിവായി ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റാൻ സഹായകമാണ്. അതുപോലെ ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് നല്ലതുപോലെ സഹായകമാണ്.
  • ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെയും സ്ട്രെസ് കുറയ്ക്കാൻ സാധിക്കും. സമയത്തിന് കഴിക്കുക, അതും നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്- ഫ്രൈഡ് ഫുഡ്സ് എന്നിവ കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വ്യത്യാസം കാണാം.
  • ആരോഗ്യകരമായ ബന്ധങ്ങളില്‍ നില്‍ക്കുന്നതും അതില്‍ നിന്നെല്ലാം സന്തോഷം അനുഭവിക്കുന്നതും സ്ട്രെസിന് നല്ല മരുന്നാണ്. സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതും സാമൂഹികമായി ഉള്‍വലിയാതിരിക്കുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
  • മൊബൈല്‍ ഫോണ്‍- ഇന്‍റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിങ്ങനെ നമ്മള്‍ ഏറെ സമയം ചിലവിടുന്ന സാങ്കേതിക ലോകത്തില്‍ നിന്ന് ചെറുതായെങ്കിലും ഇടവേളകളെടുക്കുക. ഇതും സ്ട്രെസ് കുറയ്ക്കാൻ ഏറെ ഉപകരിക്കുന്നതാണ്.