മഴ മാറിയ മൈതാനത്ത് ചെന്നൈ മിന്നലായി. രവീന്ദ്ര ജഡേജയുടെ സിക്‌സറിലും ഫോറിലും അവർ ഐപിഎൽ കിരീടം തൊട്ടു. അവസാന നിമിഷംവരെ ഉദ്വേഗംനിറഞ്ഞ കളിയിൽ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ കിരീടവിജയം. തുടർച്ചയായ രണ്ടാം കിരീടംകൊതിച്ചെത്തിയ ഗുജറാത്ത് ടൈറ്റൻസിനെ അവസാന പന്തിലാണ് ജഡേജ തീർത്തത്. ഇതോടെ അഞ്ച് കിരീടമായി മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈക്ക്.
ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഇരുപതോവറിൽ നാലിന് 214 റണ്ണാണെടുത്തത്. പിന്നാലെ മഴയെത്തി. ചെന്നൈയുടെ ലക്ഷ്യം 171 റണ്ണായി പുതുക്കി.
അവസാന ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ 13 റണ്ണായിരുന്നു ചെന്നൈക്ക് ആവശ്യം. മോഹിത് ശർമ പന്തെറിയാനെത്തി. ആദ്യ നാല് പന്തിൽ ജഡേജയ്‌ക്കും ശിവംദുബെയ്‌ക്കും നേടാനായത് മൂന്ന് റൺ മാത്രം. അഞ്ചാം പന്ത് ജഡേജ സിക്‌സർ പായിച്ചു. ഇതോടെ ലക്ഷ്യം അവസാന പന്തിൽ നാലായി. യോർക്കർ എറിയാനുള്ള മോഹിതിന്റെ ശ്രമം ഫുൾടോസിലാണ് കലാശിച്ചത്. ജഡേജയ്‌ക്ക് ബാറ്റ് വയ്‌ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
ഓപ്പണർമാരായ ഡെവൺ കോൺവെയും (25 പന്തിൽ 47) ഋതുരാജ് ഗെയ്‌ക്ക്‌വാദും (16 പന്തിൽ 26) മിന്നുന്ന തുടക്കമാണ് ചെന്നൈക്ക് നൽകിയത്. എന്നാൽ ഒരോവറിൽ ഇരുവരെയും മടക്കി നൂർ അഹമ്മദ് ഗുജറാത്തിനെ കളിയിലേക്ക് തിരികെകൊണ്ടുവന്നു. പക്ഷേ, ചെന്നൈ വിട്ടുകൊടുത്തില്ല. രണ്ട് സിക്‌സറുകളുമായി തുടങ്ങിയ അജിൻക്യ രഹാനെ കളി പിടിച്ചു. അതേസമയം,
ദുബെയ്‌ക്ക് വേഗത്തിൽ റണ്ണടിക്കാനായില്ല. അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും ഗുജറാത്ത് ബൗളർമാർ താളം കണ്ടെത്താൻ തുടങ്ങി.
പതിനൊന്നാം ഓവർ എറിയാനെത്തിയ മോഹിത്, രഹാനെയെ (13 പന്തിൽ 27) മടക്കി ചെന്നൈയെ ഞെട്ടിച്ചു. അവസാന ഐപിഎൽ മത്സരത്തിന് ഇറങ്ങിയ അമ്പാട്ടി റായുഡുവിലായി പിന്നെ പ്രതീക്ഷ. ഇതിനിടെ 12-ാം ഓവറിൽ റഷീദ് ഖാനെ രണ്ട് സിക്‌സർ പായിച്ച് ദുബെ സമ്മർദമകറ്റി. അടുത്ത ഓവറിൽ മോഹിതിനെ തുടർച്ചയായ ബൗണ്ടറി പറത്തി റായുഡു കളി ചെന്നൈയുടെ അരികിലെത്തിച്ചു. എന്നാൽ റായുഡുവിനെ (8 പന്തിൽ 19) ആ ഓവറിൽതന്നെ മോഹിത് വീഴ്‌ത്തി. ചെന്നൈ ഞെട്ടിയത് അടുത്ത പന്തിലാണ്. ക്യാപ്‌റ്റൻ ധോണി നേരിട്ട ആദ്യ പന്തിൽ മടങ്ങി. കളി കൈവിട്ടു എന്ന ഘട്ടത്തിലായിരുന്നു ജഡേജയുടെ വീരോചിത പ്രകടനം ചെന്നൈക്ക് മിന്നുംജയമൊരുക്കിയത്. 21 പന്തിൽ 32 റണ്ണുമായി ദുബെയായിരുന്നു കൂട്ട്.
ഗുജറാത്തിനായി സായ് സുദർശൻ തിളങ്ങി. 47 പന്തിൽ 96 റണ്ണാണ് അടിച്ചുകൂട്ടിയത്. ആറ് സിക്‌സറും എട്ട് ഫോറും അതിലുൾപ്പെട്ടു. ശുഭ്‌മാൻ ഗിൽ 20 പന്തിൽ 39 റണ്ണടിച്ചപ്പോൾ വൃദ്ധിമാൻ സാഹ 39 പന്തിൽ 54 റൺ നേടി. ഗില്ലിനെയും സാഹയെയും പുറത്താക്കുള്ള അവസരങ്ങൾ ചെന്നൈ തുടക്കത്തിൽ പാഴാക്കിയിരുന്നു.കിരീട നേട്ടത്തിൽ മുംബൈക്കൊപ്പമെത്തി ചെന്നൈ.