ഇന്ത്യയില്‍ യുവാക്കളുടെ മരണം കൂടുന്നത് കൊവിഡ് വാക്സിൻ കാരണം അല്ലെന്ന് ഐസിഎംആര്‍

രാജ്യത്ത് യുവാക്കളുടെ മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്സിൻ ഉപയോഗിച്ചതിന് പിന്നാലെയാണെന്ന വാദത്തിന് വിരാമമിട്ടുകൊണ്ട് ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). യുവാക്കള്‍ക്കിടയില്‍ മരണം കൂടുന്നത് കൊവിഡ് വാക്സിൻ മൂലമല്ല, മറിച്ച് കൊവിഡ് 19 ഗുരുതരമായി ബാധിച്ചതും മറ്റ് ആരോഗ്യപ്രശ്നങ്ങളും അത്തരത്തിലുള്ള പാരമ്പര്യഘടകങ്ങളും ഒപ്പം മോശം ജീവിതരീതികളും ആണെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഐസിഎംആറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്‍റെ നിഗമനം ആണിത്. 18നും 45നും ഇടയ്ക്ക് പ്രായം വരുന്നവരില്‍ മരണം കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പഠനം. കൊവിഡോ കൊവിഡ് വാക്സിനോ ഇതില്‍ സ്വാധീനഘടകം ആയി വന്നിട്ടുണ്ടോ എന്നതായിരുന്നുവത്രേ പഠനം പ്രധാനമായും പരിശോധിച്ചത്.

18നും 45നും ഇടയ്ക്ക് പ്രായമുള്ള, ആരോഗ്യമുള്ളവരില്‍ സംഭവിച്ചിട്ടുള്ള പെട്ടെന്നുള്ള മരണമാണ് പഠനം  ഏറെയും  പരിശോധിച്ചത്. ഇത്തരത്തിലുള്ള എണ്ണൂറോളം കേസുകള്‍ പഠനത്തിനായി തെരഞ്ഞെടുത്തു. 2021 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള മരണങ്ങളാണ് എല്ലാം. അതായത് കൊവിഡിന് ശേഷം സംഭവിച്ചത്.

നേരത്തെ ആരോഗ്യപ്രശ്നങ്ങളോ അവശതകളോ അസുഖങ്ങളോ കാണിച്ചിട്ടില്ലാത്തവര്‍, അതും ചെറുപ്പക്കാര്‍ പെട്ടെന്ന് മരിച്ചുപോകുന്നു. എന്താണ് ഇതിന് കാരണമാകുന്നത്- കൊവിഡ് ഇതില്‍ എത്രമാത്രം ബാധകമാണ് എന്നെല്ലാം വിശദമായി പഠിച്ചതിന് പിന്നാലെ കൊവിഡ് ഘടകമാണെന്നും അതോടൊപ്പം തന്നെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ മരണം സംഭവിക്കുന്നതില്‍ പാരമ്പര്യഘടകങ്ങള്‍ക്കും ജീവിതരീതികള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

നിരന്തരമുള്ള മദ്യപാനം, മറ്റ് ലഹരി ഉപയോഗം എന്നിവ പെട്ടെന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് വലിയ കാരണമായിത്തീരാറുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. അതുപോലെ ആരോഗ്യാവസ്ഥ മാനിക്കാതെയുള്ള കഠിനമായ വര്‍ക്കൗട്ടുകളില്‍ നിരന്തരം തുടരുന്നതും പെട്ടെന്നുള്ള മരണത്തിന് കാരണമാകാമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാര്യമായി ബാധിച്ചവരും പിന്നീട് കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് തിരിയുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. കാരണം ഇത് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് നയിക്കാം.