സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഇൻഷ്വറൻസ് പ്രീമിയം കുറയ്‌ക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ആവശ്യം ഇൻഷ്വറൻസ് കമ്പനികൾ തത്വത്തിൽ അംഗീകരിച്ചു. ഗതാഗത നിയമ ലംഘനത്തിന് പിഴ അടക്കാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കുന്നത് വിലക്കുന്നത് പരിശോധിക്കാനും പ്രത്യേക സമിതിയെ നിയോഗിച്ചു.
സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകടങ്ങൾ കുറഞ്ഞുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. ഇതിലൂടെ ഇൻഷ്വറൻസ് കമ്പനികൾക്ക് അതിന്റേതായ ലാഭം ഉണ്ടായിട്ടുണ്ട്. അതിനാൽ സംസ്ഥാനവുമായി ചില കാര്യങ്ങളിൽ സഹകരിക്കണമെന്നുമാണ് കമ്പനികളോട് മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെട്ടത്. മൂന്ന് കാര്യങ്ങളാണ് സർക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. ഒന്നാമതായി, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം തുക കുറയ്‌ക്കണം. രണ്ട്, ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ കുടിശ്ശികയുണ്ടെങ്കിൽ ഇൻഷ്വറൻസ് പുതുക്കി നൽകരുത്. മൂന്ന്, വാഹനങ്ങൾ ഇടിച്ച് തകരാറുകൾ വരുന്ന എഐ ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ ഇൻഷ്വറൻസ് കമ്പനികൾ സഹായിക്കണം.
ഈ മൂന്ന് ആവശ്യങ്ങളും ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന ചർച്ചയിൽ ഇൻഷ്വറൻസ് കമ്പനികൾ തത്വത്തിൽ അംഗീകരിച്ചു. എന്നാൽ, എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. അത് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെയും ഇൻഷ്വറൻസ് കമ്പനികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിച്ചു. ഈ സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ഇതനുസരിച്ചാവും അന്തിമ തീരുമാനം.
അതേസമയം, സംസ്ഥാനത്ത് ഓടുന്ന 33 ശതമാനം വാഹനങ്ങൾക്കും ഇൻഷ്വറൻസ് ഇല്ലെന്ന കണക്ക് കമ്പനികൾ സർക്കാരിന് സമർപ്പിച്ചു. ഇരുചക്രവാഹനങ്ങളാണ് അധികവും. ഇവയെ കണ്ടെത്താനുള്ള നടപടിക്കും യോഗത്തിൽ തീരുമാനമായി.