സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധന. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയർന്നെങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്.
സംസ്ഥാനത്ത് 2022ൽ റിപ്പോർട്ട് ചെയ്തത് 4,468 ഡെങ്കിപ്പനി കേസുകളായിരുന്നു, 58 പേർ മരിച്ചു. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രോഗികളുടെ എണ്ണം മൂന്നിരട്ടി ഉയർന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് റിപ്പോർട്ട് ചെയ്തത് 13306 കേസുകൾ. 48 പേർ മരിച്ചു. ഇന്നലെ മാത്രം 92 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ രോഗികൾ ഇപ്പോഴും എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ തന്നെയാണ്.
ഈ വർഷം 1932 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 80 പേർ മരിച്ചു. കഴിഞ്ഞം വർഷം റിപ്പോർട്ട് ചെയ്തത് 2482 കേസുകളായിരുന്നു. 2021, 2022, 2019 വർഷങ്ങളേക്കാൾ എലിപ്പനി കേസുകൾ ഈ വർഷം കൂടി. വർഷാവസാനം ആകുമ്പോഴേക്കും കഴിഞ്ഞ വർഷത്തെ കണക്കും മറികടക്കാനാണ് സാധ്യത.
അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പകർച്ചവ്യാധി വ്യാപനം. ഡ്രൈ ഡേ ആചരണമടക്കം പലവിധ പ്രതിരോധപ്രവർത്തനങ്ങൾ ആഹ്വാനം ചെയ്തിട്ടും രോഗവ്യാപനം തടയാനായിട്ടില്ല. മഴക്കാല സീസൺ അവസാനിക്കുന്നതോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. രോഗികളുടെ എണ്ണം കുത്തനെ കൂടിയിട്ടും മരണനിരക്ക് ഉയർന്നില്ലെന്നതും ആശ്വാസമാണ്.