ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.
പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതല്‍ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാന്‍ പാടുള്ളൂ. എന്നാല്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെ പടക്കം പൊട്ടിക്കാം.
ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവില്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.