രാജ്യത്തെ കര, നാവിക, വ്യോമ സേനകളിലെ വനിതാ സൈനികര്‍ക്കും, ഇനി ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രസവ, ശിശുപരിപാലന അവധികള്‍ ലഭിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി. പ്രസവ, ശിശു പരിപാലന അവധികള്‍ക്ക് പുറമെ കുട്ടികളെ ദത്തെക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രത്യേക അവധിയും സൈന്യത്തിലെ ഓഫീസര്‍മാരെപ്പോലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും.
റാങ്കുകള്‍ പരിഗണിക്കാതെ സേനകളിലുള്ള എല്ലാ സ്ത്രീകളുടെയും പങ്കാളിത്തം ഉള്‍ക്കൊള്ളാന്‍ ലക്ഷ്യമിട്ടുള്ള പ്രതിരോധ മന്ത്രിയുടെ വീക്ഷണമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സൈന്യത്തിലെ വനിതകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്നും വനിതാ സൈനികര്‍ക്ക് തങ്ങളുടെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള സന്തുലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ശുപാര്‍ശയ്ക്ക് പ്രതിരോധ മന്ത്രി അംഗീകാരം നല്‍കിയതോടെ സൈന്യത്തിലെ ഓഫീസര്‍മാര്‍ക്കും കര, നാവിക, വ്യോമ സേനകളിലെ മറ്റ് ഏതൊരു റാങ്കിലുള്ള ജീവനക്കാര്‍ക്കും തുല്യമായ പ്രസവ, ശിശു പരിപാലന അവധികളായിരിക്കും ഇനി ലഭിക്കുകയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് ഓരോ കുട്ടിയ്ക്കും 180 ദിവസം പൂര്‍ണ ശമ്പളത്തോടെയുള്ള പ്രസവ അവധിയാണ് ലഭിക്കുന്നത്. പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ പ്രസവ അവധി അനുവദിക്കുകയുള്ളൂ. ഇതിന് പുറമെ സേവന കാലയളവില്‍ ആകെ 360 ദിവസം ശിശുപരിപാലന അവധിയും ലഭിക്കും. ഇത് കുട്ടിയ്ക്ക് 18 വയസാകുന്നത് വരെയുള്ള കാലയളവില്‍ എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിന് പുറമെ നിയമപരമായി കുട്ടികളെ ദത്തെടുക്കുന്ന സാഹചര്യത്തിലും 180 ദിവസം ദത്തെടുക്കല്‍ അവധി ലഭിക്കും. ഒരു വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയെ ദത്തെടുക്കാനാണ് ഈ അവധി ലഭിക്കുക.