കേരളത്തിലെ ശക്തമായ മഴയ്ക്ക് താൽക്കാലിക ശമനം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാൽ മൂന്നാം തിയതി മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നൽകിയിട്ടുണ്ട്. നവംബർ 1, 2 തിയതികളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നവംബർ 3, 4 തിയതിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
നവംബർ 3 ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ നവംബർ 4 ന് 11 ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. നവംബർ 3 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നവംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.