2040-ല്‍ മനുഷ്യനെ ഇന്ത്യ ചന്ദ്രനിലിറക്കും, 2035ഓടെ ബഹിരാകാശനിലയം; പ്രധാനമന്ത്രി

2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. 2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍’ (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) നിര്‍മിക്കാനും 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് സാധ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി.

ഭാവി ചന്ദ്രയാന്‍ ദൗത്യങ്ങള്‍, നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിളിന്റെ നിര്‍മാണം, പുതിയ ലോഞ്ച് പാഡിന്റെ നിര്‍മാണം, ലബോറട്ടറികളും അനുബന്ധ സാങ്കേതിക വിദ്യകളും ഒരുക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. ചന്ദ്രയാന്‍ 3, ആദിത്യ എല്‍1 ദൗത്യങ്ങളുടെ വിജയത്തിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്.