തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7500 രൂപ പ്രസവാനുകൂല്യം നൽകാൻ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് ഈ ആനുകൂല്യം. ഒരാൾക്ക് രണ്ട് തവണയേ തുക ലഭിക്കൂ. അംഗങ്ങൾക്ക് ചികിത്സാ ചെലവായി 10000 രൂപ വരെ അനുവദിക്കും. അംശദായം അടച്ച് 60 വയസ് തികയുന്ന അംഗങ്ങൾക്ക് പെൻഷനുമുണ്ട്. തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് ആനുകൂല്യങ്ങളുടെ തുക നിശ്ചയിച്ച് വിജ്ഞാപനമായി.
തൊഴിലിടങ്ങളിൽ അപകടമരണത്തിന് കേന്ദ്രസർക്കാർ 75000 രൂപ നൽകുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റാൽ ചികിത്സാചെലവും കിട്ടും. ഇതിന് പുറമേയാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാം. തൊഴിൽ കാർഡുള്ള, 20 ദിവസമെങ്കിലും ജോലി ചെയ്തവർക്കാണ് അംഗത്വം. 50 രൂപയാണ് അംശദായത്തുക. മൂന്ന് വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച വനിതാ അംഗത്തിനാണ് പ്രസവാനുകൂല്യം ലഭിക്കുക.
വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പ്രായപൂർത്തിയായ മക്കളുടെയും വിവാഹ ചെലവിന് ക്ഷേമനിധിയിൽ നിന്ന് 5000 രൂപ ലഭിക്കും. ഗുരുതരോഗം ബാധിച്ച് കിടത്തി ചികിത്സ വേണ്ടവർക്ക് ചികിത്സാ സഹായം. മൂന്ന് വർഷമെങ്കിലും അംശദായം അടയ്ക്കണം. മരണാനന്തര ചെലവായി അംഗമോ കുടുംബാംഗമോ മരിച്ചാൽ 1000 രൂപ വീതം ലഭിക്കും. അംഗമായി ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ അസുഖത്താലോ അപകടത്തിലോ അംഗം മരിച്ചാൽ 5000 രൂപ. ശേഷമുള്ള ഓരോ വർഷത്തെ അംഗത്വ കാലയളവിൽ ആണെങ്കിൽ 1000 രൂപ വീതവും രണ്ടും കൂടി പരമാവധി 20000 രൂപ വരെയും സഹായം.
അംശദായം അടച്ചയാൾക്ക് അംഗഭംഗമോ അവശത മൂലമോ തൊഴിൽ ചെയ്യാനാവാതെ അംഗത്വം അവസാനിപ്പിക്കേണ്ടി വന്നാൽ, ബോർഡ് നിശ്ചയിക്കുന്ന പലിശ സഹിതം പണം തിരിച്ചു നൽകും. അവശതാ പെൻഷനും നൽകും. 10 വർഷം അംശദായം അടച്ചയാൾ മരിച്ചാൽ കുടുംബത്തിന് പെൻഷന് അർഹതയുണ്ട്. മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമാണെങ്കിൽ തൊഴിലുറപ്പ് ക്ഷേമനിധിയിൽ അംഗമാകുന്ന മുറയ്ക്ക് അംഗത്വം നഷ്ടപ്പെടും. അടച്ച തുക തൊഴിലുറപ്പ് ക്ഷേമനിധിയിലേക്ക് മാറ്റും.