വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡില്‍ മാറ്റം

കേരളത്തിലെ വനിതാ ജൂഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡില്‍ അടിമുടി മാറ്റം. ഇനിമുതല്‍ സാരിക്കൊപ്പം സൽവാർ കമീസും ഷർട്ടും പാന്‍റും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാവുന്നതാണ്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കീഴ്ക്കോടതികളിലെ നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഡ്രസ് കോഡ് പരിഷ്കരണം.

ധരിക്കാവുന്ന വസ്ത്രത്തില്‍ നീളമുള്ള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാരിക്കു പുറമേ മറ്റ് വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വസ്ത്രധാരണം ജുഡീഷ്യൽ ഓഫീസറുടെ അന്തസ്സിനു ചേർന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യൽ രജിസ്ട്രാറുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ഏതു വേഷമാണെങ്കിലും നെക്ക് ബാൻഡും ഗൗണും നിർബന്ധമാണ്. വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇനി മുതല്‍ വെളുത്ത സാരി, കോളറുള്ള കറുത്ത ബ്ലൗസ്, വെളുത്ത ഹൈ നെക്ക്/കോളർ സൽവാർ, കറുത്ത കമീസ്, കറുത്ത ഫുൾ സ്ലീവ് കോട്ട്, വെളുത്ത ഹൈ നെക്ക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത മുഴുനീള പാവാട/പാന്റ്സ്, കറുത്ത ഫുൾ സ്ലീവ് കോട്ട് എന്നീ വേഷങ്ങളും ധരിക്കാവുന്നതാണ്.