ഹരിതകർമ്മ സേനയിലെ അംഗങ്ങൾ സ്മാർട്ടാകുന്നു. യൂസർ ഫീ ശേഖരണം അടക്കമുള്ള കാര്യങ്ങൾ ഇനി സ്മാർട്ട് ഫോൺ ഉപയോഗിച്ചാവും സാധ്യമാക്കുന്നത്. സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പദ്ധതിയിലൂടെയാണ് ഹരിതകർമ്മ സേനയും സ്മാർട്ടാകുന്നത്. ഇതിനായി ഹരിതകർമ്മസേനയുടെ പഞ്ചായത്ത് തല കോർഡിനേറ്റർമാർക്കുള്ള ദ്വിദിന പരിശീലനം തുടങ്ങി.
കൈറ്റ് റിസോഴ്സ് പേഴ്സൺമാരായ ടി സജിത്ത്, ജോർജുകുട്ടി, എസ് പ്രദീപ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പരിശീലന ക്യാമ്പ് നാളെ അവസാനിക്കും. ഐ ആർ ടി സി യുടെ നേതൃത്വത്തിലാണ് ഹരിതകർമ്മ സേനയ്ക്ക് തുടർ പരിശീലനം നൽകുക.
സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഡിജിറ്റൽ ലിറ്ററസി ക്ലാസിൽ ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്.