മുൻഗണനാ റേഷൻ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. മുൻഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുൻഗണനാ കാര്‍ഡുകള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാര്‍ഡുകളും 7306 എൻ.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,94,254 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ 3,51,745 പിഎച്ച്എച്ച് കാര്‍ഡുകളും 28,793 എഎവൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,22,952 മുൻഗണന കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയതായും മന്ത്രി പറഞ്ഞു.
അനധികൃതമായി മുൻഗണന കാര്‍ഡ് കൈവശം ഉപയോഗിച്ചിരുന്നവരില്‍ നിന്ന് 2021 മെയ് 21 മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കുകയും ചെയ്തു. അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള മുൻഗണന കാര്‍ഡുകള്‍ കണ്ടെത്തുന്നതിന് ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലോ’ യുടെ ഭാഗമായി 4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ജൂലൈ മാസത്തില്‍ നടന്ന മന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇൻ പരിപാടിയില്‍ 24 പരാതികളാണ് ലഭിച്ചത്. 15പരാതികള്‍ മുൻഗണനാ കാര്‍ഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.