കേരളം ഇനി സമ്പൂർണ ഇ– ഗവേണൻസ് സംസ്ഥാനം. പണമടയ്ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ–സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ് ഇത് സാധ്യമാക്കിയത്. സമ്പൂർണ ഇ-ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തും. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകും. ഫയൽ നീക്കത്തിനായി ഇ– ഓഫീസ് ഫയൽഫ്ലോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വില്ലേജ് ഓഫീസ് തലംവരെ നടപ്പാക്കും.ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകൾ, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം ഡിജിറ്റലായിക്കഴിഞ്ഞു.
ഇ– ഡിസ്ട്രിക്ട്, കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം (ഇ–കോർട്ട്), കെ- സ്വിഫ്റ്റ്, ഇ -ഹെൽത്ത്,- ഇ- പിഡിഎസ്, ഡിജിറ്റൽ സർവേ മിഷൻ, ഇ- ആർഎസ്എസ്, സൈബർ ഡോം, കൈറ്റ് എന്നിവയും നടപ്പാക്കിവരികയാണ്.