പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബർ 17-നാണ് മോദിയുടെ പിറന്നാള്‍. ഇതിനോട് അനുബന്ധിച്ച് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘ആയുഷ്മാന്‍ ഭവ’ എന്ന ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഒരു വ്യക്തിയും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകോട്ട് പോകരുത്’ എന്നതാണ് ആയുഷ്മാന്‍ ഭവ പ്രചാരണത്തിന്റെ ലക്ഷ്യം.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നുവെന്ന് പദ്ധതി ഉറപ്പാക്കും. ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ആയുഷ്മാന്‍ മേളയും ക്യാമ്പുകളും സംഘടിപ്പിക്കും. രജിസ്റ്റര്‍ ചെയ്ത 60,000 പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും വിതരണം ചെയ്യും. ക്യാമ്പയിനിന്റെ ഭാഗമായി അവയവദാനത്തെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. ശുചീകരണ ക്യാമ്പനായ സ്വച്ഛ് ഭാരത് അഭിയാന് പ്രത്യേക പ്രാധാന്യവും നല്‍കും. ആയുഷ്മാന്‍ അപ്കെ ദ്വാര്‍ 3.0 എന്ന സംരംഭത്തിന് കീഴില്‍ ആഴ്ചയിലൊരിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സന്ദര്‍ശനം ക്രമീകരിക്കും. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് ആയുഷ്മാന്‍ ഗ്രാമപഞ്ചായത്ത്, നഗരങ്ങള്‍ക്ക് ആയുഷ്മാന്‍ അര്‍ബന്‍ വാര്‍ഡ് എന്നീ പദവികളും നല്‍കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി വരെ നടക്കുന്ന ‘സേവാ പഖ്വാഡ’യിൽ ഈ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും.