അത്യസാധാരണ വേഗത്തില്‍ ബിരുദപരീക്ഷയുടെ അവസാന സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ച് സ്വന്തം മുന്‍മാതൃകയുടെ തന്നെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് എം ജി സര്‍വ്വകലാശാലയെന്ന് മന്ത്രി ആര്‍ ബിന്ദു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ വിവിധ ബിരുദ പരീക്ഷകളുടെ ഫലം പ്രാക്ടിക്കല്‍ കഴിഞ്ഞ് വെറും പതിനാലു ദിവസത്തിനകം പ്രഖ്യാപിച്ചാണ് ഈ പുതുമാതൃക.
കോവിഡ് മൂര്‍ച്ഛിച്ചു നിന്ന 2020ലും സമാനമായൊരു മികവ് എം ജി കാഴ്ചവെച്ചത് ഓര്‍ക്കുന്നു. അന്ന് പ്രായോഗിക പരീക്ഷ കഴിഞ്ഞ് അറുപത്തിനാലു ദിവസം കൊണ്ടും 2021ല്‍ ഇരുപത്തേഴു ദിവസം കൊണ്ടും കഴിഞ്ഞ വര്‍ഷം പതിനേഴു ദിവസം കൊണ്ടും ഫലമറിയിച്ച മികവാണ് ക്രമാനുഗതമായി ഉയര്‍ത്തി ഈ വര്‍ഷത്തെ പുതിയ റെക്കോഡിലേക്ക് സര്‍വ്വകലാശാല എത്തിച്ചിരിക്കുന്നത്.
സൂക്ഷ്മതയോടെയുള്ള മുന്നൊരുക്കവും കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ വിശദീകരിച്ചിരിക്കുന്നത് ഏറ്റവും അഭിമാനത്തോടെ കാണുന്നു. ഈ രണ്ടു ഘടകങ്ങളും ചേര്‍ത്ത് ഇങ്ങനെയൊരു ഗുണഫലം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായത് നമ്മുടെ പൊതുവായ പരീക്ഷാ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഉറപ്പും ചെറുതല്ല.