തടവുകാർക്ക് മട്ടനും ആഡംബരഭക്ഷണവും വേണ്ട, എഐ നിരീക്ഷിക്കും; ജയിലുകളുടെ പേരുമാറ്റവും പരിഗണനയിൽ- ഡിജിപി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജയിൽ മേധാവി ഡി.ജി.പി. എസ്. ശ്രീജിത്ത്. ആഡംബര ഭക്ഷണം എന്നതിനേക്കാൾ, തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഭക്ഷണം നൽകാനാണ് തീരുമാനം. ജയിൽ സുരക്ഷയ്ക്കായി എ.ഐ. പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആഡംബര ഭക്ഷണം നൽകുന്നതിനേക്കാൾ, ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഭക്ഷണക്രമം നടപ്പാക്കാനാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ ജയിലിലെ 869 തടവുകാരിൽ 265 പേർ മാനസിക രോഗങ്ങൾക്കും 15 പേർ എച്ച്.ഐ.വി. ബാധയ്ക്കും 18 പേർ ടി.ബി. തുടങ്ങിയ അസുഖങ്ങൾക്കും ചികിത്സ തേടുന്നവരാണ്. 88 പേർ നിത്യവും മരുന്ന് കഴിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്നവരാണ്. ഇവർക്ക് ഡോക്ടർമാർ നിർദേശിക്കുന്ന പോഷകാഹാരം നൽകുന്നതുവഴി സർക്കാരിന്റെ ചികിത്സാ ചെലവ് കുറയ്ക്കാൻ സാധിക്കും. മട്ടൺപോലുള്ള റെഡ് മീറ്റുകൾ ആരോഗ്യപ്രശ്‌നങ്ങൾക്കും ദുർമേദസിനും കാരണമാകുന്നതിനാലും വില കൂടുതലായതിനാലും അവ ഒഴിവാക്കി, ശരീരത്തിന് ദോഷംവരാത്തതും സാമ്പത്തികമായി ലാഭകരവുമായ ഭക്ഷണരീതികൾ നടപ്പിലാക്കാനാണ് ശ്രമമെന്നും ഡി.ജി.പി. പറഞ്ഞു.

ജയിൽസുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിയ്യൂർ ജയിലിൽ ഇതിനോടകം ഡ്രോൺ നിരീക്ഷണം പരീക്ഷിച്ചു കഴിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ 24 മണിക്കൂറും നേരിട്ട് നിരീക്ഷിക്കുന്നതിന് പകരം, എ.ഐ. ഉപയോഗിച്ച് ക്രിട്ടിക്കൽ ഇൻസിഡന്റുകൾ കണ്ടെത്താനുള്ള സംവിധാനമേർപ്പെടുത്തും. ജയിലിനുള്ളിൽ കത്തിപോലുള്ള ആയുധങ്ങൾ കണ്ടെത്തുകയോ അല്ലെങ്കിൽ വലിയ തോതിലുള്ള കൂട്ടംചേരലുകളുണ്ടാവുകയോ ചെയ്താൽ സിസ്റ്റംതന്നെ ഉടൻ ഉദ്യോഗസ്ഥർക്ക് അലേർട്ടുകൾ നൽകും. സുരക്ഷാ കാര്യങ്ങൾ സാങ്കേതികവിദ്യയ്ക്ക് വിട്ടുനൽകുന്നതിലൂടെ, ഉദ്യോഗസ്ഥരുടെ സേവനം പൂർണമായും തടവുകാരുടെ മാനസിക പരിവർത്തനത്തിനായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഡി.ജി.പി. പറഞ്ഞു.

സംസ്ഥാനത്തെ ജയിലുകളുടെ പേരുമാറ്റണമെന്ന അപേക്ഷ ആഭ്യന്തരവകുപ്പിന് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി അത് പരിഗണിച്ചുവരികയാണ്. തടവുകാരെ കേവലം പൂട്ടിയിടുക എന്നതിനുപകരം, അവരുടെ വികാരങ്ങളെ കൃത്യമായി നിയന്ത്രിക്കുകയും സ്വഭാവരൂപവത്കരണം നടത്തുകയും ചെയ്യുന്ന ‘കറക്ഷൻ ഇൻസ്റ്റിറ്റിയൂഷനുകളായി’ ജയിലുകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെത്തുന്ന ഒരാളെ ആദ്യ ആഴ്ചയിൽതന്നെ കൃത്യമായി വിലയിരുത്തി, അയാളുടെ ശിക്ഷാ കാലാവധി തീരുന്നതുവരെയുള്ള ഓരോ ദിവസവും അയാൾ എന്ത് ചെയ്യണമെന്ന് മുൻകൂട്ടി നിശ്ചയിക്കുന്ന രീതി നടപ്പാക്കണം. തടവുകാരെ ശിക്ഷാ കാലാവധിക്കുശേഷം സമൂഹത്തിന് ഉപകാരപ്രദമായ നല്ല പൗരന്മാരാക്കി മാറ്റുന്നതിൽ ഇത്തരം ഇത്തരം കറക്ഷൻ ഇൻസ്റ്റിറ്റിയൂഷനുകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.